top of page

ബിസിനസ്സിലുള്ള രണ്ട് തരം പ്രവർത്തനങ്ങൾ!!!


ഒരു ബിസിനസ്സിൽ രണ്ട് തരം പ്രവർത്തനങ്ങളാണുള്ളത്. ഇവയിൽ ഏത് പ്രവർത്തനത്തിൽ സംരംഭകൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നെതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിസിനസ്സിന്റെ വളർച്ച നിർണ്ണയിക്കുന്നത്. ഏതെല്ലാമാണ് ഇത്തരം രണ്ട് പ്രവർത്തനങ്ങൾ എന്നും, അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും നമുക്ക് നോക്കാം.

1.Running business (Operational activities)

ബിസിനസ്സുമായി ബന്ധപ്പെട്ട ഓപ്പറേഷണൽ ആക്ടിവിറ്റികളിൽ സംരംഭകന്റെ സാന്നിധ്യമില്ലാതെ ബിസിനസ്സ് മുന്നോട്ട് പോകില്ല എന്ന അവസ്ഥയാണ് ഉള്ളതെങ്കിൽ സംരംഭകൻ റണ്ണിങ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന എന്നാണ് അർഥം. ഉദാഹരണത്തിന്, ബിസിനസ്സിന്റെ ഓപ്പറേഷണൽ ആക്ടിവിറ്റികളായ സെയിൽസ്, മാർക്കറ്റിങ്, കസ്റ്റമർ സർവ്വീസ്, പ്രൊഡക്ഷൻ, ഡെലിവറി, അക്കൗണ്ടിംഗ്, ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാം തന്നെ സംരംഭകന്റെ സാന്നിധ്യമുണ്ടെങ്കിൽ അദ്ദേഹം ബിസിനസ്സ് റൺ ചെയ്യുകയാണ് എന്നാണ് പറയുന്നത്. ബഹുഭൂരിപക്ഷം സംരംഭകരും ഏറ്റവും കൂടുതൽ സമയം വിനിയോഗിക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾക്കാണ്. ഇത് വളർച്ചയെ കാര്യമായി ബാധിക്കും എന്നതിന് സംശയമില്ല.

റണ്ണിങ് ബിസിനസ്സിൽ ഭൂരിഭാഗം പ്രവർത്തനങ്ങളും ആവർത്തിച്ചു വരുന്നവയാണ്. ഇത്തരം പ്രവർത്തനങ്ങളിൽ സംരംഭകൻ നേരിട്ട് ഇടപെടുന്നതിന്റെ ആവശ്യകത ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ ഒരു സംരംഭകൻ നേരിട്ടല്ല ഈ പ്രവർത്തനങ്ങളിൽ ഇടപെടേണ്ടത്, മറിച്ച് സംരംഭകന്റെ നേതൃത്വത്തിൽ രൂപപ്പെട്ട ടീം ആയിരിക്കണം ഇത്തരം ആക്ടിവിറ്റികൾ ചെയ്യേണ്ടത്.

ഒരു മികച്ച ടീം നിർമ്മിക്കുകയും, ജോലികൾ ചെയ്യുവാൻ ടീമിലുള്ളവരെ പ്രാപ്തരാക്കുകയും, വിശ്വസ്തതയോടെ ജോലികൾ ഡെലിഗേറ്റ് ചെയ്യുകയും, ചെയ്യുന്ന ജോലിയിൽ ഉണ്ടാകുവാൻ സാധ്യതയുള്ള തെറ്റുകൾ തിരുത്തിക്കൊടുക്കുകയും ചെയ്തുകൊണ്ട് അവരെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ഇത്തരത്തിൽ സംരംഭകന്റെ നേരിട്ടുള്ള ഇടപെടൽ ഇല്ലാതെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുവാൻ ടീമിനെ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്.

2. Building business (Growth activities)

ബിസിനസ്സിന്റെ വളർച്ചയുമായി ബന്ധപ്പെട്ട സ്ട്രാറ്റജിക്കലായ കാര്യങ്ങൾ രൂപപ്പെടുത്തുന്നതിനെയാണ് ബിൽഡിംഗ് ബിസിനസ്സ് എന്ന് പറയുന്നത്. സ്ഥാപനത്തിന്റെ മിഷൻ, വിഷൻ, വാല്യൂസ്, ഗോളുകൾ, അവ നേടിയെടുക്കുന്നതിന് അനുയോജ്യമായ സ്ട്രാറ്റജികൾ തയ്യാറാക്കുക, മികച്ച രീതിയിൽ ബിസിനസ്സിന്റെ മുന്നോട്ടുള്ള വളർച്ച ആസൂത്രണം ചെയ്യുക, ഇത്തരത്തിൽ ബിസിനസ്സിന്റെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വളരെ ക്രിയേറ്റീവ് ആയതും റിസ്ക് എറിയതുമായ കാര്യങ്ങളാണ് ഇവ, അതുകൊണ്ട് തന്നെ ഒരു സംരംഭകന് മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കുകയുള്ളു. മേല്പറഞ്ഞ പ്രവർത്തനങ്ങളിലാണ് ഒരു സംരംഭകൻ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്.

ചുരുക്കിപ്പറഞ്ഞാൽ ഒരു സംരംഭകന്റെ 80 % സമയവും ബിൽഡിംഗ് ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും, 20 % സമയം റണ്ണിങ് ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുമാണ് ചിലവഴിക്കേണ്ടത്. ബിൽഡിംഗ് ബിസിനസ്സിൽ ഒരു സംരംഭകൻ കൂടുതലായി ഇടപെടുന്നത് വളർച്ചയുണ്ടാക്കും എന്നതിൽ യാതൊരു തർക്കവുമില്ല.

69 views0 comments
bottom of page